Saturday, October 27, 2007

ശശിയുടെ ആണവകരാര്‍ എന്ന കവിത : ഒരു പഠനം

ശശിയുടെ ആണവകരാര്‍ എന്ന കവിത
ഉത്തരാധുനികാനന്തര നവീനതയിലേക്ക് ഒരു കിളിവാതില്‍


മലയാള കവിതാ ബ്ലോഗിംഗ് ഭാഷാസാഹിത്യത്തിന്റെ ഗതിയും ചരിത്രവും തിരുത്തിക്കുറിക്കുന്നതിന്റെ ഉത്തമസാക്ഷ്യമാണ് ശശിയുടെ ഈ കവിത. കാലഘട്ടത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ നീറുന്ന വ്യഥകളിലേക്ക് തുറിച്ചുനോക്കുന്ന ഒരു ഭൂതക്കണ്ണാടിയാകുന്ന ശശിയുടെ കവിത.

കവിത ദൈനംദിനജീവിതത്തില്‍ നിന്ന് അകന്ന് ചാരുകസേരയിലുള്ള അഭ്യാസം ആയി മാറുന്നതാണല്ലോ അക്കാദമിക സാഹിത്യത്തിന്റെ ദുരന്തം. എന്നാല്‍ കവിതയില്‍ ജനജീവിതം സ്പന്ദിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പത്രവാര്‍ത്തയുടെ ഒരു കൊളാഷ് ആയിട്ടാണ് ശശി ഈ കവിതയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാവിലെ എഴുന്നേറ്റ് കക്കൂസില്‍ പോകുമ്പോള്‍ പത്രം കയ്യിലില്ലെങ്കില്‍ സുഖവിരേചനം വരാത്ത മധ്യവര്‍ത്തി മധ്യവയസ്കന്മാരുടെ അസ്തിത്വവ്യഥകളെയാണ് ഈ കവിത അഭിസംബോധന ചെയ്യുന്നത്. ഇത് നീട്ടിപ്പാടിയാല്‍ മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്ന മേപ്പിടിയാന്മാര്‍ക്ക് പോലും സ്വസ്ഥത ലഭിക്കും.

എങ്കിലും പത്രമാധ്യമ രംഗത്തെ ഒരു വലിയ പ്രതിസന്ധിയിലേക്കും വിരല്‍ചൂണ്ടുന്നുണ്ട് കവി. ഒരുകവിക്ക് സാമാന്യം നീളമുള്ള ഒരു കൊളാഷ് എഴുതാന്‍ ആവശ്യമുള്ളത്ര നല്ല വാര്‍ത്തകള്‍ പോലും ഇന്നത്തെ പത്രപ്രവര്‍ത്തകനു സാധിക്കുന്നില്ല. ആദ്യത്തെ പാരഗ്രാഫ് അതുപോലെ ആവര്‍ത്തിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. നളിനീജമീലയുടെ ആത്മകഥ പോലെയുള്ള കൃതികള്‍ ഖണ്ഡശ്ശഃ (വൌ ആ വാക്കിന് എന്താ ഒരു മൊഴക്കം) പ്രസിദ്ദീകരിച്ചെങ്കിലും ഈ പ്രതിസന്ധിക്ക പരിഹാരം കാണാന്‍ ശ്രമിക്കേണ്ടതാണ്.

എന്നാല്‍ പി. കുഞ്ഞിരാമന്‍ നായരുടെ ശൈലിയില്‍ നിന്നും തൂലോം വിഭിന്നമാണ് ശശിയുടെ ശൈലി. നീട്ടിപ്പാടി സമൂഹമനസ്സാക്ഷിയെ ഉറക്കിക്കിടത്തുന്ന കറുപ്പായി കവിത മാറുന്നതിനെതിരെ അര്‍ത്ഥപൂര്‍ണ്ണമായ പ്രതിഷേധമാകുന്നു ഓരോവരിയും ചതുരത്തില്‍ - ഛന്ദസ്സോ താളമോ ഇല്ലാതെ - മുറിച്ചെടുക്കാനുള്ള കഴിവ്. കുത്തിനോവിക്കുന്ന കൊമ്പുപോലെ അത് അനുവാചക ഹൃദയങ്ങളെ വേട്ടയാടുന്നു. വര്‍ത്തുളമായ മിനാരങ്ങളില്‍ കുരുങ്ങിനിന്ന ക്ലാസ്സിക്കല്‍ ശില്പകലയില്‍ നിന്ന് മോചനം നേടി ചതുരത്തില്‍ അഭയം തേടുന്ന ആധുനിക വാസ്തുശില്പകലയെ ഓര്‍മിപ്പിക്കുന്നു ഇതിന്റെ രൂപശില്പം.

വരികള്‍ക്കിടയില്‍ ഉള്ള സാന്ദ്രമായ മൌനം ഈ കവിതയെ ഭാവാത്മകതയുടെ അത്യുഗശൃംഗങ്ങളില്‍ പ്രതിഷ്ഠിക്കുന്നു.
“കരാറിനു അനുകൂലമാക്കിയതും
കരാര്‍ യാഥാര്‍ത്ഥ്യമാക്കിയതും

ഡാലസ് ആസ്ഥാനമാക്കിയ
ഇന്ത്യ-യു.എസ്. ഫോറം ചെയര്‍മാന്‍
അശോക് മാഗോ
പറഞ്ഞു.....”
എന്ന രണ്ടു പാരഗ്രാഫുകള്‍ക്കിടയില്‍ ‘എന്ന്’ എന്ന വാക്ക് ഒഴിവാക്കുന്നതു വഴി സൃഷ്ടിക്കുന്ന മൌനത്തിന്റെ മഹാസാഗരം വായനക്കാരന്റെ ഉറക്കത്തെ ദയാശൂന്യം വേട്ടയാടുന്നു.

താളം എന്ന ‘കറുപ്പില്‍’ നിന്ന് കവിതയെ മോചിപ്പിക്കുന്നതുകൊണ്ടുമാത്രമല്ല കവിത വായനക്കാരന്റെ ഉറക്കം കെടുത്തുന്നത്. കാലഘട്ടത്തിന്റെ വ്യഥകള്‍ മനസ്സിന്റെ ഉദ്വേഗങ്ങളായി അന്തരാളത്തില്‍ പ്രതിഫലിക്കുന്നതിനെ ആണവവിസ്ഫോടനത്തിന്റെ അനന്തസാദ്ധ്യതകളായി, നിക്കോളാസ് എരിയുന്നു (നിക്കോളാസ് ബേണ്‍സ്) എന്ന ഒറ്റ പ്രതീകത്തിലൂടെ ശശി സാക്ഷാത്കരിക്കുമ്പോള്‍ അനുവാചകന്‍ ഞെട്ടിത്തരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് എന്താണ് പരിഹാരം എന്നും സൂക്ഷ്മമായ ബിംബക്രമീകരണത്തിലൂടെ കവി നിര്‍ദ്ദേശിക്കുന്നുണ്ട്. ‘നിങ്ങള്‍ പോയാല്‍ ഞങ്ങള്‍ക്ക് ഒരു ശോകവുമില്ല മാ(ഡം) പോകൂ!!’ (അശോക് മാഗോ) എന്ന് ധീരതയോടെ പറയാനുള്ള ചങ്കൂറ്റം ഇന്ത്യക്കാരന്‍ നേരത്തെ കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കാന്‍ മാത്രമല്ലെ നമുക്ക് കഴിയുന്നുള്ളൂ.

കവിതയുടെ തീക്ഷ്ണവും ഗോപ്യവുമാ‍യ ഭാഷയെ വിശദീകരിച്ച് അതിനെ കൊല്ലാന്‍ താല്പര്യമില്ലാത്തതുകൊണ്ടുമാത്രം ഈ കുറിപ്പ് ചുരുക്കുകയാണ്. ശശി ശശി മാത്രമാണ് ബൂലോഗകവിതയുടെയും അതുവഴി മലയാള കവിതയുടെയും ഭാവി എന്ന് തിരിച്ചറിയണം എന്ന് അനുവാചകരെ ഓര്‍മിപ്പിക്കുവാന്‍ മാത്രം ഈ എളിയ പരിചയപ്പെടുത്തല്‍ ഉതകി എന്ന് പ്രതീക്ഷിക്കട്ടെ.

10 comments:

Anonymous said...

റഷ്യക്കാരാ, ഇങ്ങനെ ഒരു നിരൂപണത്തിനു വളരെ നന്ദി. ആ‍ണവ കരാറിന്റെ ഭീതിദമായ ഓര്‍മ്മകളില്‍നിന്നും മുക്തികിട്ടുവാനാണ് ഞാന്‍ ഉത്തരാധുനികതയിലെ കൊളാഷ് ആയി ഈ കവിതയെ രൂപീകരിച്ചത്. ജാക്സണ്‍ പൊള്ളോക്കിന്റെ ചിത്രങ്ങള്‍ ഈ കവിതയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ നിര്‍ലജ്ജം സമ്മതിക്കുന്നു. നിക്കോളാസ് ബേണ്‍സ് എന്നുപറയുമ്പോള്‍ നിക്കോളാസ് മാത്രമല്ല, എല്ലാവരും, കവിത വായിക്കുന്ന എല്ലാവരും, മന:സാക്ഷിയുള്ള എല്ലാവരും തന്നെ കത്തിയെരിയുകയാണ്, എരിയുകയാണ്.

ആശയങ്ങളുടെ വിസ്ഫോടനത്തില്‍ ഞാന്‍ പൊട്ടിത്തകര്‍ന്നുപോവുന്നു. കീബോഡില്‍ കണ്ണീര്‍ക്കണങ്ങള്‍ ചുടലനൃത്തം ചവിട്ടുന്നു. വിരലുകളെ കെട്ടിമറിയുന്നു, എല്ലാം മായുന്നു, മോണിറ്ററിന്റെ പ്രകാശവും മിന്നിമറയുന്നു, വിടതരൂ, ശശി പോവട്ടെ. ആണവക്കരാറുകളില്ലാത്ത, വൃത്തങ്ങളില്ലാത്ത, അലങ്കാരങ്ങളില്ലാത്ത, ഒരു ലോകത്തേയ്ക്ക്. അവിടെ ചതുര്‍മാനമായ ചക്രവാളങ്ങളുടെ കോണുകളില്‍ കാലുനീട്ടിയിരുന്ന് ശശി മീന്‍പിടിക്കട്ടെ.

നിങ്ങളുടെ സ്വന്തം,
ശശി.

വിഷ്ണു പ്രസാദ് said...

സസിയേ, അന്നെ ഞമ്മള് കൊല്ലും...:)

സജീവ് കടവനാട് said...

ശശിയേ ആളെ (ശൈലി) പുടികിട്ടീട്ടാ...വിഷ്ണുമാഷെ കൂടെ ഞമ്മളും.

Umesh::ഉമേഷ് said...

ഹഹഹഹഹഹ...

കവിതയും നിരൂപണവും ഒന്നിനൊന്നു മെച്ചം!

Inji Pennu said...

ഓ, ഒരു ശശി! പിന്നെ ഞാനൊക്കെ കവിത എഴുതുന്നത് എന്തിനാ? മലയാളത്തെ രക്ഷിക്കണമെന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെ മാത്രം കവിതയെഴുതുന്ന എന്നെ കണ്ടില്ലെന്ന് നടിക്കരുത്!

Vanaja said...

ഒറ്റവരി കവിത പോലും എഴുതാനറിയാത്ത എന്നെപ്പോലുള്ള കീടങ്ങളെ അണുബോമ്പിട്ടു കൊല്ലണം. ഒറ്റയെണ്ണത്തെപോലും ബാക്കി വച്ചേക്കരുത്.

Sreejith K. said...

പണ്ട് കേരളം ഭരിച്ച രാജാവായിരുന്ന ശശിയുടെ ആരെങ്കിലും ആണോ ഈ ശശി? ഒന്നാന്തരം കവിത ആയിരുന്നു. അര്‍ത്ഥങ്ങളുടേയും അര്‍ത്ഥാന്തരങ്ങളുടേയും അര്‍ത്ഥവ്യത്യാസങ്ങളുടേയും ഒക്കെ ഒരു മനോഹരമായ സമ്മിശ്രണം. വായനക്കാ‍രുടെ മനസ്സിനെ വലിച്ചുലയ്ക്കുന്ന കവിത. ഹൌ, കലക്കിട്ട്ണ്ട്രാ ശശീ.

ഇവിടെ ശശിയുടെ കവിതയെപ്പറ്റി പറയുന്നതെന്തിനാണെന്ന് തോന്നുന്നുണ്ടോ? ഇനി സത്യം പറയാം. ശശിയുടെ കവിത ഒന്നുമല്ല ഈ നിരൂപണത്തിന്റെ മുന്നില്‍. ഞാന്‍ തകര്‍ന്നു റഷ്യക്കാരാ. കുമ്പിട്ട് കുമ്പിടുന്നേന്‍.

Unknown said...

അളിയാ.. താങ്കള്‍ ഞാന്‍ വിചാരിക്കുന്ന ആളാണെങ്കിലും അല്ലെങ്കിലും ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ? (ആള് ശരിക്കും ഇനി ഒരു സ്ത്രീയാണെങ്കില്‍ സോറി ഞാന്‍ ഈ വഴി വന്നിട്ടേ ഇല്ല) :-)

joice samuel said...

:)

പ്രയാസി said...

മാഷെ..
അതു പ്രയാസിനിക്കു വേണ്ടി ഉണ്ടാക്കിയതു തന്നാ
നമ്മടെ അടുത്ത ആളാ..
ഒന്നുണ്ടാക്കിക്കൊടുത്തു
ഇനി ശെരിയായിക്കോളും