Saturday, October 27, 2007

ശശിയുടെ ആണവകരാര്‍ എന്ന കവിത : ഒരു പഠനം

ശശിയുടെ ആണവകരാര്‍ എന്ന കവിത
ഉത്തരാധുനികാനന്തര നവീനതയിലേക്ക് ഒരു കിളിവാതില്‍


മലയാള കവിതാ ബ്ലോഗിംഗ് ഭാഷാസാഹിത്യത്തിന്റെ ഗതിയും ചരിത്രവും തിരുത്തിക്കുറിക്കുന്നതിന്റെ ഉത്തമസാക്ഷ്യമാണ് ശശിയുടെ ഈ കവിത. കാലഘട്ടത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ നീറുന്ന വ്യഥകളിലേക്ക് തുറിച്ചുനോക്കുന്ന ഒരു ഭൂതക്കണ്ണാടിയാകുന്ന ശശിയുടെ കവിത.

കവിത ദൈനംദിനജീവിതത്തില്‍ നിന്ന് അകന്ന് ചാരുകസേരയിലുള്ള അഭ്യാസം ആയി മാറുന്നതാണല്ലോ അക്കാദമിക സാഹിത്യത്തിന്റെ ദുരന്തം. എന്നാല്‍ കവിതയില്‍ ജനജീവിതം സ്പന്ദിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പത്രവാര്‍ത്തയുടെ ഒരു കൊളാഷ് ആയിട്ടാണ് ശശി ഈ കവിതയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാവിലെ എഴുന്നേറ്റ് കക്കൂസില്‍ പോകുമ്പോള്‍ പത്രം കയ്യിലില്ലെങ്കില്‍ സുഖവിരേചനം വരാത്ത മധ്യവര്‍ത്തി മധ്യവയസ്കന്മാരുടെ അസ്തിത്വവ്യഥകളെയാണ് ഈ കവിത അഭിസംബോധന ചെയ്യുന്നത്. ഇത് നീട്ടിപ്പാടിയാല്‍ മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്ന മേപ്പിടിയാന്മാര്‍ക്ക് പോലും സ്വസ്ഥത ലഭിക്കും.

എങ്കിലും പത്രമാധ്യമ രംഗത്തെ ഒരു വലിയ പ്രതിസന്ധിയിലേക്കും വിരല്‍ചൂണ്ടുന്നുണ്ട് കവി. ഒരുകവിക്ക് സാമാന്യം നീളമുള്ള ഒരു കൊളാഷ് എഴുതാന്‍ ആവശ്യമുള്ളത്ര നല്ല വാര്‍ത്തകള്‍ പോലും ഇന്നത്തെ പത്രപ്രവര്‍ത്തകനു സാധിക്കുന്നില്ല. ആദ്യത്തെ പാരഗ്രാഫ് അതുപോലെ ആവര്‍ത്തിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. നളിനീജമീലയുടെ ആത്മകഥ പോലെയുള്ള കൃതികള്‍ ഖണ്ഡശ്ശഃ (വൌ ആ വാക്കിന് എന്താ ഒരു മൊഴക്കം) പ്രസിദ്ദീകരിച്ചെങ്കിലും ഈ പ്രതിസന്ധിക്ക പരിഹാരം കാണാന്‍ ശ്രമിക്കേണ്ടതാണ്.

എന്നാല്‍ പി. കുഞ്ഞിരാമന്‍ നായരുടെ ശൈലിയില്‍ നിന്നും തൂലോം വിഭിന്നമാണ് ശശിയുടെ ശൈലി. നീട്ടിപ്പാടി സമൂഹമനസ്സാക്ഷിയെ ഉറക്കിക്കിടത്തുന്ന കറുപ്പായി കവിത മാറുന്നതിനെതിരെ അര്‍ത്ഥപൂര്‍ണ്ണമായ പ്രതിഷേധമാകുന്നു ഓരോവരിയും ചതുരത്തില്‍ - ഛന്ദസ്സോ താളമോ ഇല്ലാതെ - മുറിച്ചെടുക്കാനുള്ള കഴിവ്. കുത്തിനോവിക്കുന്ന കൊമ്പുപോലെ അത് അനുവാചക ഹൃദയങ്ങളെ വേട്ടയാടുന്നു. വര്‍ത്തുളമായ മിനാരങ്ങളില്‍ കുരുങ്ങിനിന്ന ക്ലാസ്സിക്കല്‍ ശില്പകലയില്‍ നിന്ന് മോചനം നേടി ചതുരത്തില്‍ അഭയം തേടുന്ന ആധുനിക വാസ്തുശില്പകലയെ ഓര്‍മിപ്പിക്കുന്നു ഇതിന്റെ രൂപശില്പം.

വരികള്‍ക്കിടയില്‍ ഉള്ള സാന്ദ്രമായ മൌനം ഈ കവിതയെ ഭാവാത്മകതയുടെ അത്യുഗശൃംഗങ്ങളില്‍ പ്രതിഷ്ഠിക്കുന്നു.
“കരാറിനു അനുകൂലമാക്കിയതും
കരാര്‍ യാഥാര്‍ത്ഥ്യമാക്കിയതും

ഡാലസ് ആസ്ഥാനമാക്കിയ
ഇന്ത്യ-യു.എസ്. ഫോറം ചെയര്‍മാന്‍
അശോക് മാഗോ
പറഞ്ഞു.....”
എന്ന രണ്ടു പാരഗ്രാഫുകള്‍ക്കിടയില്‍ ‘എന്ന്’ എന്ന വാക്ക് ഒഴിവാക്കുന്നതു വഴി സൃഷ്ടിക്കുന്ന മൌനത്തിന്റെ മഹാസാഗരം വായനക്കാരന്റെ ഉറക്കത്തെ ദയാശൂന്യം വേട്ടയാടുന്നു.

താളം എന്ന ‘കറുപ്പില്‍’ നിന്ന് കവിതയെ മോചിപ്പിക്കുന്നതുകൊണ്ടുമാത്രമല്ല കവിത വായനക്കാരന്റെ ഉറക്കം കെടുത്തുന്നത്. കാലഘട്ടത്തിന്റെ വ്യഥകള്‍ മനസ്സിന്റെ ഉദ്വേഗങ്ങളായി അന്തരാളത്തില്‍ പ്രതിഫലിക്കുന്നതിനെ ആണവവിസ്ഫോടനത്തിന്റെ അനന്തസാദ്ധ്യതകളായി, നിക്കോളാസ് എരിയുന്നു (നിക്കോളാസ് ബേണ്‍സ്) എന്ന ഒറ്റ പ്രതീകത്തിലൂടെ ശശി സാക്ഷാത്കരിക്കുമ്പോള്‍ അനുവാചകന്‍ ഞെട്ടിത്തരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് എന്താണ് പരിഹാരം എന്നും സൂക്ഷ്മമായ ബിംബക്രമീകരണത്തിലൂടെ കവി നിര്‍ദ്ദേശിക്കുന്നുണ്ട്. ‘നിങ്ങള്‍ പോയാല്‍ ഞങ്ങള്‍ക്ക് ഒരു ശോകവുമില്ല മാ(ഡം) പോകൂ!!’ (അശോക് മാഗോ) എന്ന് ധീരതയോടെ പറയാനുള്ള ചങ്കൂറ്റം ഇന്ത്യക്കാരന്‍ നേരത്തെ കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കാന്‍ മാത്രമല്ലെ നമുക്ക് കഴിയുന്നുള്ളൂ.

കവിതയുടെ തീക്ഷ്ണവും ഗോപ്യവുമാ‍യ ഭാഷയെ വിശദീകരിച്ച് അതിനെ കൊല്ലാന്‍ താല്പര്യമില്ലാത്തതുകൊണ്ടുമാത്രം ഈ കുറിപ്പ് ചുരുക്കുകയാണ്. ശശി ശശി മാത്രമാണ് ബൂലോഗകവിതയുടെയും അതുവഴി മലയാള കവിതയുടെയും ഭാവി എന്ന് തിരിച്ചറിയണം എന്ന് അനുവാചകരെ ഓര്‍മിപ്പിക്കുവാന്‍ മാത്രം ഈ എളിയ പരിചയപ്പെടുത്തല്‍ ഉതകി എന്ന് പ്രതീക്ഷിക്കട്ടെ.

Thursday, October 25, 2007

വാരവിചാരം : ബൂലോകം പോയ വാരം : ഒന്‍പതാം ലക്കം.

തുടക്കങ്ങള്‍, വിപ്ലവങ്ങള്‍, ഗ്രൂപ്പുകളികള്‍, കുതികാല്‍ വെട്ടുകള്‍, ആരോപണ പ്രത്യാരോപണങ്ങള്‍, വോട്ടെടുപ്പുകള്‍ അങ്ങിനെ അഞ്ച് “ക്ഷ” യില്‍ അവസാനിക്കുന്നു ബൂലോകം പോയവാരം. ചൂടു പിടിച്ച ചര്‍ച്ചകള്‍ പോയ വാരവും ഉണ്ടായി. പുതു ബ്ലോഗുകളുടെ ഒരു തള്ളി കയറ്റം കണ്ട വാരം കൂടിയാ‍യിരുന്നു കഴിഞ്ഞു പോയത്.സൌഹാര്‍ദ്ദത്തിലുറച്ചതായിരുന്നു എല്ലാ ചര്‍ച്ചകളും എന്നത് ഗുണകരമാണ്. പരസ്പര ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് കഴിയുന്നുണ്ട് എന്നത് ബൂലോകത്ത് കൂടുതല്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് നിമിത്തമാകും.

1. ബ്ലോഗിലും ഗ്രൂപ്പുകളി
2. ആശംസകള്‍
3. ചിത്രകലയിലെ വിസ്മയം
4. വീണ്ടും വോട്ടെടുപ്പ്
5. കഥകള്‍, കവിതകള്‍, വിമര്‍ശനം

1. പുതിയ ബ്ലോഗ് ഗ്രൂപ്പ്
മലയാള ബ്ലോഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ഗ്രൂപ്പ് മറനീക്കി പുറത്തുവന്നു. ബൂലോകത്ത് ഈ ഗ്രൂപ്പ് പിറവി ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മുന്‍പ് ബാച്ചി ക്ലബ്, ബൂലോക കവിത, തുടങ്ങിയ പല ഗ്രൂപ്പുകളും ഉണ്ടായെങ്കിലും അവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്ഥവും നൂതനവും ആയിരുന്നു ഈ ഗ്രൂപ്പ്. കേരള കോണ്‍ഗ്രസിന്റെ പഴയ നേതാക്കന്മാരാണോ ഈ ഗ്രൂപ്പിനു പിന്നില്‍ എന്നു സംശയം ഉണ്ടെങ്കിലും പല പോസ്റ്റുകളും വായിച്ചാല്‍ കമ്യൂണിസ്റ്റ് ലെനിനിസ്റ്റ് / എംഗത്സിയന്‍ ചിന്താധാരയുടെ സ്വാധീനം നമുക്കു കാണാന്‍ കഴിയും. മലയാള ബ്ലോഗ് സമൂഹത്തില്‍ ഒരു പിങ്ക് റെവൊല്യൂഷന്‍ കൊണ്ടുവരുവാന്‍ ഈ ഗ്രൂപ്പിനു കഴിഞ്ഞേക്കും.

2. ആശംസകള്‍
ഈ ഗ്രൂപ്പു തുടങ്ങി മലയാളം ബ്ലോഗു സമൂഹത്തിന്റെ രോമാഞ്ചമായി മാറിയ ശശി എന്ന വ്യക്തിക്ക് റഷ്യക്കാരന്റെ ആശംസകള്‍.

3. ചിത്രകലയിലെ വിസ്മയം.
അതിമനോഹരമായ ചിത്രങ്ങള്‍ ഒരുകാലത്ത് മലയാളം ബ്ലോഗില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടെപ്പൊഴോ ചിത്രകല ബ്ലോഗില്‍ കുറ്റിയറ്റുപോവുന്ന വേദനാജനകമായ കാഴ്ച്ചയാണ് നമുക്കു കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനു ഒരു അപവാദമായിരുന്നു കാലപാശത്തിന്റെ ഈ മനോഹര ചിത്രം. സന്ദര്‍ഭവശാല്‍ ഈ ചിത്രവും വന്നത് മലയാളം ബ്ലോഗ് ഗ്രൂപ്പിലായിരുന്നു.

4. വീണ്ടും വോട്ടെടുപ്പ്
ബൂലോകത്ത് ഇനി വോട്ടെടുപ്പുകള്‍ വേണ്ടാ വേണ്ടാ എന്നായിരുന്നു എല്ലാ‍വരുടെയും മനസ്സില്‍. എന്നാല്‍ ആ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് വീണ്ടും ഒരു വോട്ടെടുപ്പ് - അതും സ്ഥാനലബ്ദിക്കായി. വോട്ടെടുപ്പിന്റെ വിവരങ്ങള്‍ഇവിടെ കാണുക. ഈ പോസ്റ്റ് എഴുതുമ്പോള്‍ കൊടുമ്പിരികൊള്ളുന്ന വോട്ടെടുപ്പില്‍ പേര് പേരക്ക തലനാരിഴയ്ക്ക് ലീഡ് ചെയ്യുകയാണ്. ബൂലോകം ഇളകിമറിയുകയാണ്.

5. കഥകള്‍, കവിതകള്‍, വിമര്‍ശനം
ഇതല്ലാതെ ബൂലോകത്ത് പല കഥകളും ചര്‍ച്ചകളും കവിതകളും വന്നു എങ്കിലും ഇവയൊന്നും മേല്‍പ്പറഞ്ഞ വിഷയങ്ങളോളം പ്രധാനമല്ല.
ബൂലോകം പോയവാരം ഒന്‍പതാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.